കൊല്ലങ്കോട്: ആലമ്പള്ളം പുഴയിൽ മേൽപ്പാല നിർമാണത്തിനായി നിലമ്പതിപ്പാലം പൊളിച്ചുതുടങ്ങി. രണ്ടു ദിവസത്തിനകം പൂർണമായും നിലമ്പതി നീക്കംചെയ്യുമെന്ന് നിർമാണക്കമ്പനി അധികൃതർ അറിയിച്ചു.
കോവിലകംമൊക്കിൽ നിന്നും നിലമ്പതിപ്പാലം വഴി ഊട്ടറയിലേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അ ധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
പരമാവധി ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ജോലികൾ പുരോഗമിക്കുന്നത്. നാലുകോടിയാണ് മേൽപ്പാല നിർമാണത്തിന് സർക്കാർ അനുമതി ലഭിച്ചിരിക്കുന്നത്. മേൽപ്പാലം യാഥാർഥ്യമാവുന്നതോടെ ആലമ്പള്ളം താമസക്കാർക്ക് കാലവർഷ സമയങ്ങളിൽ പുഴയിൽ ജലനിരപ്പ് കൂടി നിലമ്പതി കവിഞ്ഞൊഴുകി ഉണ്ടാവുന്ന ഗതാഗതതടസത്തിനു ശാശ്വത പരിഹാരമാവും.
വടവന്നൂർ കരിപ്പോട്, ഊട്ടറ ഭാഗത്തു നിന്നും പയിലൂർ നെന്മാറ ഭാഗത്തേക്കുള്ള യാത്രികർ കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആലമ്പള്ളം വഴിയാണ് നിരവധി വാഹനങ്ങൾ പതിവ് സഞ്ചാരം നടത്തുന്നത്.